8.28.2015

മുറുക്കിത്തുപ്പുന്നവര്‍


മഴയുടെ കാല്‍നനപ്പാടുകള്‍  
മാഞ്ഞു  പോയിരിക്കുന്നു 
ആരോഗ ദൃഡഗാത്രനാം 
വെയിലിന്‍റെ ആലയില്‍ 
പണിതു കൂട്ടുന്നുണ്ട് ,
വിയര്‍പ്പു കൊയ്യുമരിവാളുകള്‍ .

ഇനിയിവിടെ 
വാകകള്‍ പെയ്തു ചുവക്കുന്ന 
വഴികള്‍ കാണാം 
പകലുകളോരോന്നും കീറി ഉണക്കുന്ന 
സൂര്യനെക്കാണാം
പച്ചയെന്നത് മാറ്റിയെഴുതുന്ന 
പഠിപ്പുരകള്‍ കാണാം 
പലവട്ടം  കപ്പം  കൊടുത്തു  മുടിഞ്ഞ 
പുഴകളെ കാണാം 
എന്തൊരു ചൂടെന്ന് ചിലയ്ക്കും 
കിളികളെക്കാണാം 
വേനലെന്നെഴുതിയ വിള്ളലുകളില്‍ 
വരിപോകും ഉറുമ്പുകളെക്കാണാം.

അങ്കംവെട്ടിത്തളരും വിശറികള്‍ 
ദാഹത്തിലേയ്ക്ക് ഇല്ലം കടത്തപ്പെടുന്ന 
നീര്‍ക്കുഞ്ഞുങ്ങള്‍ ...
ഒരു  മഴപെയ്തെങ്കിലെന്നു 
എന്റെയും നിന്റെയും 
കനല്‍ക്കടയുമെളിപിരി 
നെടുവീര്‍പ്പുകള്‍  .

നശിച്ച വെയിലെന്ന്
ഒറ്റയും തെറ്റയുമായി പ്രാക്കുകള്‍ കേള്‍ക്കുമ്പോള്‍ 
മുഖത്തോടു മുഖം നോക്കും മഴയും വെയിലും 
ഞങ്ങളിതെത്ര കണ്ടതാകേട്ടതായെന്ന മട്ടില്‍ ,
തിരുവാതിരക്കളി തുടരും , കൈകൊട്ടും .
വെള്ളവും വെയിലുമങ്ങിനെത്തന്നെ വീണ്ടും 
നീട്ടിമുറുക്കിത്തുപ്പും .

______________________________