2.08.2015

വേനലു കൊയ്യുന്നവര്‍


തഴച്ചില്ല ഒരാകാശം നിറയെ
കറുത്തമുത്തിയുടെ പാട്ട്,
പൊഴിച്ചില്ല ഒരു വേനല്‍ പരക്കെ
വെളുത്ത മുത്തശ്ശിയെറിഞ്ഞ വറ്റും.

തളിര്‍ത്തില്ല പച്ച രോമങ്ങള്‍
കുന്നിന്‍ നെറുകിലും,പാടത്തും .
നീന്തിത്തുടിച്ചില്ല
വെള്ളത്തിന്റുണ്ണികളാ
പുഴയിലും.

മുറ്റം നിറയെ,
ഓരില ഈരില പെയ്തു നിറഞ്ഞൂ,
കരിഞ്ഞു പറന്നു .

ഇന്നിതാ നീയും ഞാനും
വിയര്‍ത്തെറിയുന്നു
വടിച്ചെറിയുന്നൂ ,
ഒരുമിച്ചു കൊയ്യുന്നൂ
നമ്മള്‍ നട്ടു വളര്‍ത്തിയെടുത്തൊരു
വേനലിന്‍ കൊടുംവിളവിനെ .

പിന്നെ
വെന്ത വേനലും വിഴുങ്ങി
നമ്മളൊന്നൊന്നായി
വരണ്ടുപോകുന്നു വിണ്ടുപോകുന്നു
വിഷാദം നീറുന്നു .