Labels

9.17.2025


 1) കടലാറ്

---
ആറ്റുതീരത്ത് നീളൻപുല്ലുകൾ
അതിൽ കടൽപ്പതനിറമുള്ള പൂവുകൾ
കാറ്റതിനെ കടൽത്തിരകളാകാൻ
പഠിപ്പിക്കുന്നു,
വിളർത്ത കടൽകാക്കയെപ്പോലെ
അതിൻ്റെ മണലിലപ്പോൾ ചാഞ്ഞിറങ്ങുന്നു,
വിടർത്തിയ ചിറകുകൾ ഒതുക്കിയൊരു
പകൽ
2) പകലോൾ
___
എരണ്ടപ്പക്ഷികളെ കോർത്ത മാലയിട്ട്
മേഘങ്ങളില്ലാതെ ചന്ദ്രനില്ലാതെ
ഒരിരുണ്ട നിറമുള്ള പെണ്ണിനെപ്പോലെ
ഉടുമുണ്ട് തെറുത്തു കയറ്റി
ഭൂമിക്കു മീതെ കാലു നീട്ടിയിരിക്കുന്നു,
പ്രായപൂർത്തിയായൊരു
ദിവസം .
3) പ്രേമം
___
മുറ്റം
വെളുമ്പൻ പൂക്കളെ വിയർക്കുന്ന രാത്രികളിൽ
ജനാലകൾ വിടർത്തി
വീടതിനെ
ശ്വസിക്കുന്നു,
അതിനന്നേരമൊക്കെയും
പ്രേമിക്കാൻ മുട്ടുന്നു.
4) അദൃശ്യം
__
മഴച്ചാറ്റൽ കനക്കുമ്പോൾ ,
ഉലഞ്ഞാടുന്ന കാറ്റിൽ കലരുന്നു
കറിവേപ്പിലമണം ,
മഴയ്ക്കുമുന്പേ പറന്നുപോയ
പക്ഷിയുടെ
ചിറകടി
അതിന്റെ കൂടിനു മീതെ
തങ്ങി നിൽക്കുന്നു .
5)ആദിമം
__
പുലരിയിൽ മനുഷ്യർ
മലയിറങ്ങുമ്പോൾ
മഞ്ഞു കിനിയുന്നു
അതിനോ ,
ഏതോ പുരാതന
സമുദ്രപ്പായലിന്റെ
മണം !
6) പൂവോർമ്മ
__
പൂക്കളുള്ള കുപ്പായമിട്ട്
പൂന്തോട്ടത്തിൽ നിൽക്കുന്നു
പൂമ്പാറ്റകളിലൊന്ന് ചുറ്റും പറക്കുന്നു
പച്ചമരത്തിലെ
മരിച്ചപൂക്കളെ
പതിഞ്ഞ നോക്കുകളാലെ
പ്രിയമുള്ളൊരാൾ
പതിയെ ചുംബിക്കുന്നപോലെ!
7) തനിയെ
__
വയലറ്റ് മന്ദാരങ്ങൾക്കുമേൽ
മഴയുതിരുമ്പോൾ
കടുപ്പൻ കട്ടൻചായപോലെ
ഒരാൾ
വിഷാദം മോന്തുന്നു .
അവൻ്റെ ഏകാന്തതക്കിണയായ്
നിഴലിനെ വരയ്ക്കുന്നു സൂര്യൻ.
ഒരു വലിയ മുറിവ് പോലത് ഭൂമിയിൽ
അമർന്നു കിടക്കുന്നു.
നനവാർന്നയിരുളിലപ്പോൾ
നനുനനെ തൂവുന്നു
അവൾ നട്ട നറുമുല്ലപ്പൂമണo.
😎
ലിപിയനക്കം
__
നിരന്തരം മിണ്ടിക്കൊണ്ടേയിരിക്കുന്നു
ആകാശവും ഭൂമിയും
മനുഷ്യരും അതിന്റെ ഭാഷയിൽപ്പെട്ട
ലിപികൾ
വേലിപ്പടർപ്പിൽ
പച്ചിലപ്പാമ്പായും കരിയിലക്കിളിയായും
അതിന്റെയനക്കം .
തെളിഞ്ഞും പാതിമറഞ്ഞും
വെയിലിലും നിലാവിലും
സൂര്യൻ്റെ കൊത്തുപണികൾ !
9) വരയൻപുള്ളികൾ
____
കാടിനുള്ളിൽ കടക്കുമ്പോൾ
മായുന്നു തെളിയുന്നു
വേഗത്തിലോടുന്ന
മാനിൻ്റെ പുള്ളികൾ ,
ചെമ്പൻ സീമ്പ്രയെന്നന്തിച്ച്
ഞാനിതാ അതിനെയും
നോക്കിനില്ക്കുന്നു.
10) ചൂണ്ടയിൽ
__
നീട്ടിയെറിയുന്നു വാക്കുകൾ
വളഞ്ഞൊരു കവിതയതിൻ്റെ
തുമ്പത്തനങ്ങുന്നു
കരയിലേക്കെടുക്കുമ്പോൾ
കവിത വിഴുങ്ങിക്കുരുങ്ങി
പ്പുളയുന്നൊരു കവിയുടെ
കണ്ണിൽ
മീൻ മണക്കുന്ന രണ്ട്
ചെമ്പരുത്തി
തലയിൽ
മീൻമുള്ള് കണക്കെ
അതിൻ കൊമ്പിൻ
ഇരട്ടക്കിളിർപ്പ് !

 

 

ഇന്നലത്തെ

ഇരുട്ട്
നിലാവുകൊണ്ടഭിഷേകം ചെയ്ത ഒരു
കൃഷ്ണശിലയായിരുന്നു.
ഇന്നത്തെ വെയിൽ
മഞ്ഞപ്പൂക്കളേന്തി
കൈകൾ വിരിച്ചു നില്ക്കുന്ന
കൊന്നമരങ്ങൾക്കു കീഴെ
അവനുള്ള
കല്ലറയൊരുക്കുന്നു .

 

      • ഗ്രീഷ്മം തൊട്ടു നോക്കുമ്പോള്
      • വസന്തം
      • ആമത്തോടിനുള്ളിലേയ്ക്കെന്നപ്പോലെ ചുരുങ്ങിപ്പോകും.
      • വിഷാദം തൊട്ടുനോക്കുമ്പോള്
      • ആനന്ദം ഒന്നാകെ മോന്തിയ
      • ആ പാനപാത്രം നാം പാടെയും
      • മറന്നുകളയും .


 

ഒറ്റച്ചെവി

  • ഈന്തും കായകൾ പഴുക്കുമ്പോൾ
    ഞാൻ വാൻഗോഗിനെയോർക്കുന്നു
    മഞ്ഞമന്ദാരങ്ങൾ തലയിൽച്ചൂടി
    വട്ടംവട്ടം ചുറ്റുന്നു
    വേനൽ മണ്ണിൽ പുണർന്നു കിടക്കുന്ന
    വെള്ളരിപ്പൂക്കളിൽ
    വിളർത്ത ശലഭങ്ങൾ നൃത്തം ചെയ്യുന്നു
    നട്ടുച്ചയിലെ കാറ്റ് അതിൻ്റെ
    മുടിയഴിച്ചാടുന്ന ഒച്ചകൾ
    ഒറ്റച്ചെവിയിലൂടെ മറുപുറം കടക്കുന്നു.
    🌻🌻👂👂🌾🌾🌞🌞


നിശബ്ദതയുടെ
നിറചഷകവുമായ്
ഞാനിരിക്കുന്നു .





 

നേരും നുണയുമല്ലാത്ത 14 സുവിശേഷങ്ങൾ

 https://www.madhyamam.com/.../madhyamam-weekly-malayalam...

"നേരും നുണയുമല്ലാത്ത 14 സുവിശേഷങ്ങൾ "

 

1) അവനവനിൽത്തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു
അവനവനെത്തന്നെ അതിജീവിക്കുവാൻ .
കൂടുതൽ ദൈവമാകാനുള്ള ഒരവസരം
ആരാണ് വേണ്ടെന്ന് വയ്ക്കുക !
**
2) മുറിഞ്ഞും തൂർന്നു൦ ഒരാൾ
മരണങ്ങളെ വകഞ്ഞു നീന്തുമ്പോൾ
ജീവിതമേ ജീവിതമേ" എന്ന മീനുകളാണ്
അവനൊപ്പം അനുതാപപൂർവ്വം സഞ്ചരിക്കുന്നത് .
**
3) കണ്ട ആഴങ്ങളെക്കാള്
കാണാത്ത ആഴങ്ങളാണ് നമ്മെ
ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്,
ഇഴയുന്ന ആമകൾക്കെല്ലാം
നന്മ നന്മ എന്ന് ഒരാൾ പേരിട്ടു
മറിഞ്ഞ് മലരുമ്പോൾ അവയ്ക്കെല്ലാം
അവിശുദ്ധമായ എന്തോ രഹസ്യങ്ങളുണ്ടെന്ന് എനിക്കറിയാമായിരുന്നു.
**
4) നിശബ്ദതകളെല്ലാം നിഷ്കളങ്കമല്ലെന്ന്
നിങ്ങൾക്കുള്ളിലെ വളർത്തുമൃഗത്തിന്നറിയാം
നിറഞ്ഞിരിക്കുന്നതിൽ എല്ലാം
തികഞ്ഞിരിക്കുന്നുമില്ലെന്ന്
നിഴലുകൾ നീങ്ങുന്ന
നേരങ്ങൾ സാക്ഷി .
**
5) വിശ്വാസം മാത്രമല്ല വിവേകം കൂടിവേണം
വിശ്വവിഖ്യാതമായ ഈ ജീവിതത്തെ നേരിടുമ്പോൾ ,
വിലയേറിയതെല്ലാം കാഴ്ചവസ്തുക്കളാകുന്ന
ഒരു നൃത്തക്കാരനാണ്
സമയം !
**
6) അതിജീവിച്ച ഒന്ന്
നമ്മെ കൂടുതൽ ശക്തമാക്കുന്നുവെന്ന് പറയുന്നു
എങ്കിലും കശക്കിയെറിയപ്പെട്ട ഉരഗത്തെപ്പോലെ അത്
അവനെ ബാക്കിയാക്കുകകൂടി
ചെയ്യുന്നുണ്ടല്ലോ !
**
7) നാം ആഗ്രഹിക്കുന്ന കാര്യവും
നാം നേടുന്ന കാര്യവും രണ്ടാണ്
നമുക്കുള്ളിലൊ പുറത്തോ അതിന്റെ പൂർണ്ണത
നഷ്ടമാകുന്നു,
തലക്കുമുകളിലന്നേരം
നിലാവോ വെയിലോ എന്നൊരു രൂപകമാടുന്നു .
**
😎
സ്വർഗ്ഗത്തിലേയ്ക്ക് മാത്രം കണ്ണുംനട്ടിരിക്കുമ്പോള്
സ്വതന്ത്രമായവയെല്ലാം ഒരുവനെ അസ്വസ്ഥനാക്കുന്നു. .
അവനവനിൽ നിന്നഴിഞ്ഞു പോകാനാകാതെ
കെട്ടിയ കുറ്റിയിൽക്കറങ്ങുന്നു
അരുമയായ അവന്റെ സ്വാർഥത .
**
9)സത്യത്തിന് പൂമണമില്ല
മിസ്രഗന്ധമുള്ള സർപ്പത്തിന്റെ ഒരുടലാണ്
അത് ചുമന്നു നടക്കുന്നത് .
സദാചാരജീവിതത്തിൽ
ഭയത്തിന്റെയും വിശപ്പുകളുടെയും
തൊട്ടാപ്പൊട്ടലുകൾകൊണ്ട്
മനുഷ്യനെയത് മേയ്ച്ചുനടക്കുന്നു .
**
10) അവനവനെ
എത്ര പുതുക്കിയാലും
പഴയൊരു നമ്മൾ
ഉള്ളിന്റെയുള്ളിൽ
ഒളിച്ചു പാർക്കുക തന്നെ ചെയ്യും .
**
11) നിന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നവൻ
നിന്നെ ദുർബലനാക്കുകകൂടിയാണ് ചെയ്യുന്നത് .
അതിന്റെ കടിഞ്ഞാണിൽ പായുന്ന
കണ്ണുകെട്ടിയ കുതിരയാവാതിരിക്കുക എന്നതാണ്
നമുക്ക് നമ്മോടു ചെയ്യാവുന്ന ഒരു നീതി.
**
12) നമ്മെ നയിക്കുന്നത് ഏറെയും അശാന്തികളാണ്
താളംതെറ്റിയ കാറ്റ്പോലെ
അത് ഒരുവന്റെ പകലുകളേയും രാത്രികളെയും
തലകീഴായവ മറിച്ച് കളയുന്നു .
**
13) നമ്മുടെയുള്ളിൽപ്പെട്ടുപോയ ഏകാന്തതയോടും
നിശബ്ദതയോടും മത്സരിക്കരുത്
മരിച്ചവരായിരിക്കുക എന്നത് ജീവിച്ചിരിക്കുന്നതിനെക്കാൾ എളുപ്പമാണെന്ന പ്രലോഭനത്തെ
അതിജീവിക്കുകതന്നെ വേണം .
**
14 ) ഏറെ ഒന്നുമില്ലന്നെ ,
ജീവിതത്തെ ജയിക്കുവാന് അതിനോടുതന്നെ യുദ്ധംചെയ്യേണ്ടിയിരിക്കുന്നു .
കൂടുതൽ ദൈവമാകാനുള്ള ഒരവസരം
ആരാണ് വേണ്ടെന്ന് വയ്ക്കുക !
*_________________*